Skip to main content

ഷെയർചാറ്റ് കണ്ടന്റ് പോളിസി

Last updated: 29th October 2024

ഈ കണ്ടന്റ്, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ("മാർഗ്ഗനിർദ്ദേശങ്ങൾ"), https://sharechat.com എന്ന വിലാസത്തിൽ ലഭ്യമാകുന്ന വെബ്‌സൈറ്റിന്റെയും കൂടാതെ/അല്ലെങ്കിൽ ഷെയർചാറ്റ് മൊബൈൽ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിലും മൊബൈലിലും ലഭ്യമായ വിവിധ ഫീച്ചറുകൾ ഉൾപ്പെടെ അതിന്റെ പതിപ്പുകളുടെയും ("ആപ്പ്"), പൊതുവെ "പ്ലാറ്റ്‌ഫോം" എന്ന് വിളിക്കുന്നതും മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്, നോർത്ത് ടവർ സ്മാർട്ട് വർക്ക്‌സ്, വൈഷ്ണവി ടെക് പാർക്ക്, സർവേ നം. 16/1 & നമ്പർ 17/2 അംബലിപുര വില്ലേജ്, വർത്തൂർ ഹോബ്ലി, ബെംഗളൂരു അർബൻ, കർണാടക - 560103 എന്നതിൽ രജിസ്‌ട്രേഡ് ഓഫീസ് ഉള്ളതും ഇന്ത്യയിലെ നിയമങ്ങൾക്ക് കീഴിൽ സ്ഥാപിതമായതുമായ ഒരു സ്വകാര്യ കമ്പനിയായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കിയിട്ടുള്ളതുമായ ("ഷെയർചാറ്റ്", "കമ്പനി", "ഞങ്ങൾ", "ഞങ്ങളുടെ") വെബ്‌സൈറ്റിന്റെ/മൊബൈൽ ആപ്ലിക്കേഷന്റെ, നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു. "നിങ്ങൾ", "നിങ്ങളുടെ" എന്നീ പദങ്ങൾ പ്ലാറ്റ്‌ഫോമിന്റെ യൂസർമാരെയാണ് സൂചിപ്പിക്കുന്നത്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഷെയർചാറ്റ് ഉപയോഗ നിബന്ധനകൾ, ഷെയർചാറ്റ് പ്രൈവസി പോളിസി, ഷെയർചാറ്റ് കുക്കി പോളിസി (മൊത്തത്തിൽ, "നിബന്ധനകൾ") എന്നിവയ്‌ക്കൊപ്പം വായിച്ചിരിക്കേണ്ടതാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ വലിയക്ഷരങ്ങളിൽ നൽകിയിരിക്കുന്ന വാക്കുകൾക്ക്, നിബന്ധനകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ വാക്കുകളുടെ അർത്ഥം ഉണ്ടായിരിക്കും.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ സമയാസമയങ്ങളിൽ മാറ്റിയേക്കാമെന്നും അങ്ങനെ ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണെന്നും ദയവായി ശ്രദ്ധിക്കുക. ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ പുതുക്കിയ പതിപ്പ് ഇവിടെയും പ്ലാറ്റ്‌ഫോം പോളിസികൾ ഇവിടെയും ലഭ്യമാണ്.

ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവരുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു. ഞങ്ങളുണ്ടാക്കിയെടുത്ത ഈ കമ്മ്യൂണിറ്റി വൈവിധ്യമാർന്നതും വിവിധതരം കണ്ടന്റുകളെ സ്വീകരിക്കുന്നതുമാണ്. പ്രായപൂർത്തിയാകാത്തവരും ചെറുപ്പക്കാരും ഉൾപ്പെടെ അനേകംപേർ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. അതിനാൽ, ഞങ്ങളുടെ എല്ലാ യൂസർമാരും പൊതുവായ നിലവാരം പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് സുരക്ഷിതമായ അന്തരീക്ഷം വളർത്തുന്നതിനും പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ടന്റ് സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾ

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നതും ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും ബാധകമായ ഇന്ത്യൻ നിയമങ്ങളും ലംഘിക്കുന്നതുമായ കണ്ടന്റുകൾ ഞങ്ങൾ ഉടനടി നീക്കംചെയ്യും. അത്തരം കണ്ടന്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ഞങ്ങൾ അത് നീക്കം ചെയ്യുകയോ ആ യൂസർമാരുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്തുകയോ ചെയ്തേക്കാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും കണ്ടന്റുകൾ നിങ്ങൾ കാണുകയാണെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ക്രിയേറ്ററുടെ ഉദ്ദേശവും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഞങ്ങൾ മനസ്സിലാക്കുന്നു, എന്നിരുന്നാലും, മറ്റുള്ളവരിൽ അസ്വസ്ഥതയുണ്ടാക്കുന്ന, വിദ്വേഷവും അധാർമ്മികതയും പ്രചരിപ്പിക്കുന്ന, അക്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലെ ക്രിയേറ്ററുടെയോ കലാകാരന്റെയോ സർഗ്ഗവാസനയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള കണ്ടന്റുകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

a. ബാധകമായ നിയമങ്ങൾ പാലിക്കുക

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന, പോസ്റ്റുചെയ്യുന്ന, കമന്റ് ചെയ്യുന്ന അല്ലെങ്കിൽ ഷെയർ ചെയ്യുന്ന കണ്ടന്റുകളെല്ലാം ഭാരതീയ ന്യായ സംഹിത, 2023, ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000, തുടങ്ങിയവയ്ക്ക് കീഴിൽ, വരുത്തിയ എല്ലാ നിയമാവലികളും ഭേദഗതികളും ഉൾപ്പെടെ, ഇന്ത്യയിലെ ബാധകമായ നിയമങ്ങൾ പാലിക്കണം. നിയമ ലംഘനമുണ്ടാകുന്ന സാഹചര്യങ്ങളിൽ നിയമജ്ഞരുമായും നിയമ നിർവ്വഹണ സംവിധാനങ്ങളുമായും ഞങ്ങൾ സഹകരിക്കുന്നതാണ്.

ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, അല്ലെങ്കിൽ പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുനിയമങ്ങൾ എന്നിവയ്ക്ക് ഭീഷണിയാകുന്നതോ അക്രമത്തിന് പ്രേരണ നൽകുന്നതോ ആയ കണ്ടന്റുകൾ നിങ്ങൾ അപ്‌ലോഡ്/പോസ്റ്റ്/ഷെയർ ചെയ്യുകയോ അത്തരം പോസ്റ്റുകളിൽ കമന്റ് ചെയ്യുകയോ ചെയ്യരുത്. മറ്റേതെങ്കിലും രാജ്യത്തെ അപമാനിക്കുന്നതോ ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ അന്വേഷണം തടയുന്നതോ ആയ കണ്ടന്റുകൾ നിങ്ങൾ പോസ്റ്റ് ചെയ്യുകയോ അതിൽ ഇടപെടുകയോ ചെയ്യരുത്.

b. നഗ്നത, ലൈംഗിക - അശ്ലീല വിഷയങ്ങൾ

കല, ഡോക്യുമെന്ററി, വിദ്യാഭ്യാസം, സാമൂഹിക അവബോധം, നർമ്മം അല്ലെങ്കിൽ ആക്ഷേപഹാസ്യം എന്നിവയ്ക്കായി പരിമിതമായ ലൈംഗിക ചിത്രീകരണമുള്ള കണ്ടന്റുകൾ ഞങ്ങൾ അനുവദിക്കുന്നു. താഴെപ്പറയുന്നവ ഉൾക്കൊള്ളുന്ന കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നു, ഇവ ചേർക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങളുടെ കർശനമായ ലംഘനമായി കണക്കാക്കപ്പെടും:

  • സ്വകാര്യ ഭാഗങ്ങൾ (ലൈംഗികാവയവങ്ങൾ, സ്ത്രീകളുടെ സ്തനങ്ങളും മുലക്കണ്ണുകളും, നിതംബങ്ങൾ), കൂടാതെ/അല്ലെങ്കിൽ ലൈംഗിക പ്രവൃത്തികൾ പ്രദർശിപ്പിക്കുന്ന അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ നഗ്നത പ്രദർശിപ്പിക്കുന്നതോ ആയ കണ്ടന്റുകൾ/ ചിത്രങ്ങൾ/വീഡിയോകൾ;
  • ശാരീരിക സ്വകാര്യത ഉൾപ്പെടെ മറ്റൊരാളുടെ സ്വകാര്യതയെ ഹനിക്കുന്ന കണ്ടന്റുകൾ;
  • ലൈംഗിക വേഴ്ച നടത്തുന്ന വീഡിയോകളോ ചിത്രങ്ങളോ അല്ലെങ്കിൽ ലൈംഗിക പ്രവൃത്തികൾ, കാമാസക്തി, ലൈംഗിക ഉത്തേജനം എന്നിവ ചിത്രീകരിക്കുന്ന കണ്ടന്റുകൾ;
  • ലൈംഗികാതിക്രമം അല്ലെങ്കിൽ പ്രതികാരച്ചുവയോടെയുള്ള അശ്ലീലപ്രദർശനം;
  • മൃഗങ്ങളുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച;
  • ഏതെങ്കിലും വ്യക്തിയെ ചൂഷണം ചെയ്യാനോ അപകടത്തിലാക്കാനോ ഉദ്ദേശിച്ചുള്ള കണ്ടന്റുകൾ (ഉദാഹരണത്തിന്, ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തൽ, വേശ്യാവൃത്തി അല്ലെങ്കിൽ അനുബന്ധ സേവനങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയോ ക്ഷണിക്കുകയോ ചെയ്യുന്നതുൾപ്പെടെ ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിനോ അപകടപ്പെടുത്തുന്നതിനോ വേണ്ടി മറ്റ് വ്യക്തിഗത വിവരങ്ങൾ പങ്കിടൽ);
  • പീഡോഫീലിയ, അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ (കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കൽ, പ്രചരിപ്പിക്കൽ, മഹത്വവൽക്കരിക്കൽ, സംപ്രേഷണം, അല്ലെങ്കിൽ ബ്രൗസിംഗ് എന്നിവയുൾപ്പെടെ), അല്ലെങ്കിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും പീഡോഫീലിയ അല്ലെങ്കിൽ കുട്ടികളുടെ ലൈംഗിക ചൂഷണം ചിത്രീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയതും കുട്ടികൾക്ക് ഹാനികരമാകുന്നതുമായ മറ്റേതെങ്കിലും കണ്ടന്റുകൾ. ശബ്ദത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കിൽ ഒരു കുട്ടി കാണുകയോ കേൾക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഏതെങ്കിലും വസ്തുവോ ശരീരഭാഗമോ പ്രദർശിപ്പിക്കുന്നത് ഉൾപ്പെടെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന എല്ലാ കണ്ടന്റുകളും പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നു;
  • അസഭ്യം, സദാചാരവിരുദ്ധം, അല്ലെങ്കിൽ ബലാത്സംഗം, ലൈംഗികാഭിലാഷ പൂർത്തീകരണത്തിനായി സമ്മതമില്ലാത്ത പ്രവർത്തനങ്ങൾ, പീഡനം എന്നിവയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ.

c. ഉപദ്രവം അല്ലെങ്കിൽ ഭീഷണി

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഏതെങ്കിലും തരത്തിൽ നടത്തുന്ന ഉപദ്രവത്തെയും ഭീഷണിപ്പെടുത്തലിനെയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഞങ്ങളുടെ യൂസർമാർക്ക് വൈകാരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളില്ലാതെ ഇടപെടാനുള്ള സ്വാതന്ത്ര്യം നൽകുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിസ്സാരമായ അല്ലെങ്കിൽ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കണ്ടന്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അവഗണിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതിനുപുറമെ, മറ്റൊരു വ്യക്തിയെ ഉപദ്രവിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയെ തരംതാഴ്ത്താനോ അപമാനിക്കാനോ ഉദ്ദേശിക്കുന്നതോ ആയ കണ്ടന്റുകൾ റിപ്പോർട്ട് ചെയ്യാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനം അടങ്ങുന്ന കണ്ടന്റുകളുടെ ഉദാഹരണങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. ഉപദ്രവം/ഭീഷണി എന്നിവയിൽ ഉൾപ്പെട്ടേക്കാവുന്ന പ്രവർത്തനങ്ങളുടെ പൂർണ്ണമായ പട്ടികയല്ല ഇത് എന്നകാര്യം ശ്രദ്ധിക്കുക. ഈ മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങളും ഉണ്ടായേക്കാം.

  • അധിക്ഷേപകരമായ ഭാഷ അല്ലെങ്കിൽ ശാപവാക്കുകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, കൂടാതെ/അല്ലെങ്കിൽ അന്യർക്ക് ദോഷകരമായ റെക്കോർഡിംഗുകൾ എന്നിവ പോസ്റ്റുചെയ്യുക;
  • ഒരാളുടെ ലിംഗഭേദം, വംശീയത, ജാതി, നിറം, വൈകല്യങ്ങൾ, മതം, ലൈംഗിക മുൻഗണനകൾ, കൂടാതെ/ അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലൈംഗിക ദുരുപയോഗത്തിൽ ഏർപ്പെടുക എന്നിവയെ അടിസ്ഥാനമാക്കി ഒരാളെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് ഈ പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ല. അതുപോലെ, ഏതെങ്കിലും വ്യക്തിയിൽ നിന്ന് പൊതുവായോ അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച കാരണങ്ങളുടെ അടിസ്ഥാനത്തിലോ പണാപഹരണം നടത്തുകയോ അവരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു;
  • ആരെങ്കിലും നിങ്ങളെ അവരുടെ അക്കൗണ്ടിൽ നിന്ന് ബ്ലോക്ക് ചെയ്യുകയാണെങ്കിൽ, ദയവായി മറ്റൊരു അക്കൗണ്ട് വഴി അവരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾക്ക് ഒരു യൂസറുമായോ അല്ലെങ്കിൽ ഒരു യൂസർക്ക് നിങ്ങളുമായോ ഇടപഴകാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, ദയവായി അതിനെ ബഹുമാനിക്കുക;
  • ഒരു വ്യക്തിയെ ഉപദ്രവിക്കാനോ ബുദ്ധിമുട്ടിക്കാനോ അപായപ്പെടുത്താനോ ഉള്ള ഉദ്ദേശ്യത്തോടെ അവരുടെ സമ്മതമില്ലാതെ ഏതെങ്കിലും ചിത്രമോ വിവരമോ ഷെയർ ചെയ്യുക;
  • സാമ്പത്തിക നേട്ടത്തിനായി ആരെയെങ്കിലും ഉപദ്രവിക്കുക, വൈകാരികമോ ശാരീരികമോ മാനസികമോ ആയ ഉപദ്രവവും പരിക്കും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുക.

എന്നിരുന്നാലും, വാർത്താ പ്രാധാന്യമുള്ളതോ വലിയ പ്രേക്ഷകരുള്ളതോ ആയ വ്യക്തികളുടെ വിമർശനവും ചർച്ചയും ഉൾപ്പെടുന്ന വിഷയമാണെങ്കിൽ, നിബന്ധനകൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി ഞങ്ങളത് അനുവദിച്ചേക്കാം.

d. ബൗദ്ധിക സ്വത്തവകാശവും മ്യൂസിക് ലൈബ്രറിയുടെ ഉപയോഗവും

ബൗദ്ധിക സ്വത്തവകാശങ്ങൾ സംരക്ഷിക്കാനും അത്തരം അവകാശങ്ങളുടെ ലംഘനങ്ങൾ ഗുരുതരമായ ദുരുപയോഗമായി പരിഗണിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സാഹിത്യം, സംഗീതം, നാടകം, കലാസൃഷ്ടികൾ, സൗണ്ട് റെക്കോർഡിംഗുകൾ, സിനിമാറ്റോഗ്രാഫിക് വർക്കുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ കണ്ടന്റുകളും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് വിധേയമാണ്.

ഒറിജിനലല്ലാത്തതും ഒരു വ്യക്തിയ്ക്ക്/സ്ഥാപനത്തിന് ബൗദ്ധിക സ്വത്തവകാശം കൈവശമുള്ളതുമായ കണ്ടന്റ്/സൃഷ്ടി പകർത്തി പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന എല്ലാ കണ്ടന്റുകളും നീക്കംചെയ്യും, ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന യൂസർമാർക്കെതിരെ കർശന നടപടിയെടുക്കും. പ്ലാറ്റ്‌ഫോമിനുള്ളിൽ നിന്ന് അത്തരം കണ്ടന്റുകൾ വീണ്ടും ഷെയർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ കണ്ടന്റിന്റെ ആധികാരിക ഉറവിടം കാണിക്കുന്ന ലക്ഷണങ്ങൾ, വാട്ടർമാർക്കുകൾ അല്ലെങ്കിൽ യഥാർത്ഥ അടിക്കുറിപ്പുകൾ എന്നിവ നീക്കം ചെയ്യരുത്. ഇതിനുപുറമെ, ആവശ്യമായ അനുമതികൾ എടുക്കുക, മറ്റു യൂസേഴ്‌സിനോ അല്ലെങ്കിൽ അത്തരം കണ്ടന്റിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഉടമസ്ഥരായ മറ്റേതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ പേര് അല്ലെങ്കിൽ യഥാർത്ഥ ഉറവിടം പരാമർശിച്ചുകൊണ്ട് അർഹമായ ക്രെഡിറ്റ് നൽകുക.

പ്ലാറ്റ്‌ഫോമിൽ കണ്ടന്റുകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഞങ്ങളുടെ മ്യൂസിക് ലൈബ്രറിയിലൂടെ ("ലൈബ്രറി") ഞങ്ങൾ ഓഡിയോ ട്രാക്കുകൾ നൽകിയേക്കാം. ഇത് വ്യക്തിപരവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. നിങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യാനോ പരസ്യം ചെയ്യാനോ ഓഡിയോ/മ്യൂസിക് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പ്രത്യേക അനുമതികളും ആവശ്യമായ എല്ലാ അവകാശങ്ങളും നേടേണ്ടതുണ്ട്. ഞങ്ങളുടെ ലൈബ്രറിയിൽ നിന്ന് നിങ്ങൾക്ക് ചേർക്കാൻ കഴിയുന്ന അത്തരം ഓഡിയോയുടെ/ മ്യൂസിക്കിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകാം, അവ അനുവദിക്കപ്പെട്ട ദൈർഘ്യത്തിൽ കവിയാൻ പാടില്ല.

ഈ പ്ലാറ്റ്‌ഫോമിന് ബാധകമായ മാർഗ്ഗനിർദ്ദേശങ്ങളോ മറ്റേതെങ്കിലും പോളിസികളോ ലംഘിച്ചുകൊണ്ട് ഓഡിയോ/മ്യൂസിക് ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ കണ്ടന്റിൽ ചേർത്ത ഓഡിയോ പ്രവർത്തനരഹിതമാക്കാനോ കണ്ടന്റ് നീക്കംചെയ്യാനോ അതിന്റെ ഷെയർ/ആക്സസ് പരിമിതപ്പെടുത്താനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഞങ്ങളുടെ ലൈബ്രറിയിൽ ലഭ്യമായ മ്യൂസിക് നിരന്തരം മാറ്റിക്കൊണ്ടിരിക്കും, നിലവിൽ ഞങ്ങളുടെ ലൈബ്രറിയിൽ ലഭ്യമായ ചില മ്യൂസിക് ഭാവിയിൽ ലഭ്യമായേക്കില്ല. അത്തരം പ്രവൃത്തികൾ (മ്യൂസിക് നഷ്ടപ്പെടൽ, മ്യൂസിക് പ്രവർത്തനരഹിതമാക്കൽ, നീക്കംചെയ്യൽ മുതലായവ) മൂലം നിങ്ങൾക്കുണ്ടായേക്കാവുന്ന നഷ്ടത്തിനോ ദോഷത്തിനോ ഞങ്ങൾ ഉത്തരവാദികളല്ല.

ഞങ്ങളുടെ ലൈബ്രറിക്ക് പുറത്തുനിന്നുള്ള ഓഡിയോ ഉപയോഗിച്ച് നിർമ്മിച്ച കണ്ടന്റുകൾ യൂസർമാർക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. അത്തരം ഓഡിയോ ഒരു മൂന്നാം കക്ഷിയുടെ പകർപ്പവകാശം ലംഘിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്ന സാഹചര്യത്തിൽ, ആ ഓഡിയോ ഉൾക്കൊള്ളുന്ന കണ്ടന്റ് ഞങ്ങൾ മ്യൂട്ട് ചെയ്യുകയോ അല്ലെങ്കിൽ ആ കണ്ടന്റ് നീക്കം ചെയ്യുകയോ ചെയ്തേക്കാം.

ബാധകമായ നിയമങ്ങൾക്ക് കീഴിൽ അത്തരം ഉപയോഗം 'ന്യായമായ ഉപയോഗം (ഫെയർ യൂസ്)' ആയി കണക്കാക്കുന്ന ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് മറ്റൊരാളുടെ പകർപ്പവകാശമുള്ള സൃഷ്ടികൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം. ഉദാഹരണത്തിന്, വിമർശനം, വിവരണം, പാരഡി, ആക്ഷേപഹാസ്യം അല്ലെങ്കിൽ പഠനം എന്നിവയ്ക്കായി ഉപയോഗിക്കുന്നത് ന്യായമായ ഉപയോഗമായി കണക്കാക്കാം. ഇത്തരം ന്യായമായ ഉപയോഗങ്ങളെക്കുറിച്ച് കൂടുതലറിയാൻ, ദയവായി https://copyright.gov.in/Exceptions.aspx സന്ദർശിക്കൂ. നിങ്ങളുടെ കണ്ടന്റ് ഈ ഉപയോഗ പരിധിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ആവശ്യമായ അനുമതികൾ എടുക്കുന്നതും അർഹമായ ക്രെഡിറ്റ് നൽകുന്നതും നന്നായിരിക്കും.

e. അക്രമം

അക്രമത്തെയും യാതനകളെയും മഹത്വവത്കരിക്കുന്ന, അക്രമത്തിന് പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ അക്രമം നടത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുന്ന, ശാരീരിക അക്രമം അല്ലെങ്കിൽ മൃഗങ്ങളോടുള്ള ക്രൂരത പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ/വീഡിയോകൾ ഉൾപ്പെടെ, ഞങ്ങളുടെ യൂസർമാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എല്ലാ കണ്ടന്റുകളും അക്രമം എന്ന തലക്കെട്ടിൽ ഉൾപ്പെടുന്നു. ക്രൂരത, ഗുരുതരമായ അവഗണന, ദുരുപയോഗം അല്ലെങ്കിൽ മൃഗങ്ങളോടുള്ള ഉപദ്രവം എന്നിവയെ മഹത്വവത്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന കണ്ടന്റുകളും ഈ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നു.

അക്രമകരവും പ്ലാറ്റ്‌ഫോമിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനവുമായി കണക്കാക്കപ്പെടുന്ന കണ്ടന്റുകളുടെ ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു:

  • അപകടകരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയുമായ കണ്ടന്റുകൾ;
  • തീവ്രവാദം, സംഘടിത അക്രമപ്രവർത്തനങ്ങൾ, വിദ്വേഷ പ്രചാരണം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ നേതാക്കളെയോ പ്രശംസിക്കുകയോ അനുസ്മരിക്കുകയോ ചെയ്യുന്ന കണ്ടന്റുകൾ;
  • തീവ്രവാദ സംഘടനകൾ, ക്രിമിനൽ സംഘങ്ങൾ, അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന കണ്ടന്റുകൾ അല്ലെങ്കിൽ അത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടുന്ന കണ്ടന്റുകൾ;
  • തീവ്രവാദ സംഘടനകൾ, ക്രിമിനൽ സംഘടനകൾ അല്ലെങ്കിൽ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ;
  • അത്തരം സ്ഥാപനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ യൂസർമാരെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ;
  • സ്ഫോടകവസ്തുക്കളോ തോക്കുകളോ എങ്ങനെ നിർമ്മിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്ന കണ്ടന്റുകൾ.

അക്രമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ, വാർത്തായോഗ്യമായ അല്ലെങ്കിൽ വിജ്ഞാനപ്രദമായ കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ അനുവദിച്ചേക്കാം. അക്രമത്തിന് പ്രേരിപ്പിക്കാത്തതോ അവർക്കെതിരെ അക്രമം നടത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കാത്തതോ ആയ വ്യക്തികളെയോ ഗ്രൂപ്പുകളെയോ വിമർശിക്കുന്നത് അനുവദനീയമായേക്കാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി സാങ്കൽപ്പികമായ സജ്ജീകരണങ്ങളുടെ അല്ലെങ്കിൽ ആയോധന കലകളുടെ രൂപത്തിൽ പ്ലാറ്റ്‌ഫോമിൽ അക്രമകരമായ കണ്ടന്റുകൾ അനുവദിക്കാം.

ആരെങ്കിലും അപകടകരമായ സാഹചര്യത്തിലാണെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ, നിങ്ങളുടെ പ്രാദേശിക നിയമ നിർവ്വഹണ അധികാരികളുമായി ബന്ധപ്പെടുകയും എത്രയും വേഗം സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുകയും വേണം.

f. വിദ്വേഷ പ്രസംഗവും പ്രചാരണവും

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരെ അക്രമാസക്തമായ പെരുമാറ്റത്തിനോ ശത്രുതയ്‌ക്കോ പ്രേരിപ്പിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക മതം, വംശം, ജാതി, വംശീയത, സമുദായം, ദേശീയത, വൈകല്യം (ശാരീരികമോ മാനസികമോ), രോഗം അല്ലെങ്കിൽ ലിംഗഭേദം എന്നിവയെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നതോ ആയ കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നു. മതം, ജാതി, വംശീയത, സമുദായം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്വേഷം ജനിപ്പിക്കുന്നതോ വിദ്വേഷ പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നതോ ആയ കണ്ടന്റുകൾ അനുവദിക്കുന്നതല്ല. വിവേചനം പ്രചരിപ്പിക്കുന്ന, മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങളെ അടിസ്ഥാനമാക്കി അക്രമത്തെ ന്യായീകരിക്കാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ ഒരു വ്യക്തിയെയോ സമൂഹത്തെയോ ഏതെങ്കിലും അർത്ഥത്തിൽ താഴ്ന്നവരായി അല്ലെങ്കിൽ മോശപ്പെട്ടവരായി ചിത്രീകരിക്കുന്ന കണ്ടന്റുകൾ ഞങ്ങൾ നിരസിക്കുന്നു. അക്രമത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്ന കണ്ടന്റുകളും നിരോധിച്ചിരിക്കുന്നു.
ദൈവങ്ങൾ, ആത്മീയ നേതാക്കൾ, മത പ്രതീകങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രകോപനപരമായ വിവരണങ്ങൾ നൽകുന്നതിൽ നിന്നും ഞങ്ങളുടെ യൂസർമാർക്കിടയിൽ രോഷം വളർത്തി അവരെ പ്രതികൂലമായി സ്വാധീനിക്കുന്ന സിദ്ധാന്തങ്ങളോ വിദ്വേഷ പ്രത്യയശാസ്ത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ദയവായി വിട്ടുനിൽക്കുക. ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനോ അവയെ വെല്ലുവിളിക്കുന്നതിനോ വേണ്ടിയുള്ള കണ്ടന്റുകളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി അത്തരം കണ്ടന്റുകൾ ഞങ്ങൾ അനുവദിച്ചേക്കാം.

g. അധിക്ഷേപം, സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ആത്മഹത്യ

ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ, ഉപദ്രവം എന്നിവയോ അത്തരം പ്രവണതകൾ ചിത്രീകരിക്കുകയോ പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ അപകടകരമായ പ്രവർത്തനങ്ങളിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന കണ്ടന്റുകൾ ഞങ്ങൾ അനുവദിക്കില്ല. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ മോശം പെരുമാറ്റം, അവഗണന അല്ലെങ്കിൽ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും കണ്ടന്റുകൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. സ്വയം ദ്രോഹം പ്രദർശിപ്പിക്കുക, സ്വയം മുറിവേൽപ്പിക്കുന്നതും ആത്മഹത്യയും മഹത്വവത്കരിക്കുക, അല്ലെങ്കിൽ ഏതെങ്കിലും മാർഗ്ഗത്തിലൂടെ സ്വയം ദ്രോഹം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുക എന്നിവയെല്ലാം ഞങ്ങൾ എതിർക്കുന്നു. കൂടാതെ, മാനസിക / ശാരീരിക പീഡനം, ദുരുപയോഗം, സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ഗാർഹിക പീഡനം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അക്രമം എന്നിവയുടെ ഇരകളെയും അതിജീവിച്ചവരെയും തിരിച്ചറിയുകയോ ടാഗ് ചെയ്യുകയോ അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന കണ്ടന്റുകളും നിരോധിച്ചിരിക്കുന്നു.

അത്തരം ഗുരുതരമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പിന്തുണയും സഹായവും ആശ്വാസവും നൽകാൻ ഉദ്ദേശിക്കുന്ന കണ്ടന്റുകൾ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവർക്ക് കരുത്തുപകരാനും അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സഹായിക്കുന്ന പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കണ്ടന്റുകൾ പോസ്റ്റുചെയ്യാൻ ഞങ്ങൾ യൂസർമാരെ അനുവദിക്കുന്നതാണ്.

h. നിയമവിരുദ്ധ പ്രവർത്തനങ്ങൾ

നിയമവിരുദ്ധ പ്രവർത്തനങ്ങളെ അനുകൂലിക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.

സംഘടിത കുറ്റകൃത്യങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ, ആയുധങ്ങൾ, തോക്കുകൾ, സ്ഫോടകവസ്തുക്കൾ, അക്രമം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ, തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ തടങ്കലിൽ വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടതോ അവയെ പിന്തുണയ്ക്കുന്നതോ ആയ കണ്ടന്റുകൾ ഞങ്ങൾ നിരോധിക്കുന്നു. നിയമവിരുദ്ധമായ ചരക്കുകൾ സേവനങ്ങൾ, നിയന്ത്രിത ചരക്കുകൾ, മയക്കുമരുന്നുകൾ, നിയന്ത്രിത പദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പനയും ലൈംഗിക സേവനങ്ങളുടെ അഭ്യർത്ഥനയും കർശനമായി നിരോധിച്ചിരിക്കുന്നു. പ്ലാറ്റ്‌ഫോമിൽ നിങ്ങൾ അപ്‌ലോഡ്/ഷെയർ ചെയ്യുന്ന ഏതൊരു കണ്ടന്റും, ഇന്ത്യൻ ദേശീയ പതാക ഉൾപ്പെടെയുള്ള സംരക്ഷിത ദേശീയ ചിഹ്നങ്ങളെ മാനിക്കുന്നതാകണം.

കുട്ടികളെ ഉപദ്രവിക്കുന്നതോ അധിക്ഷേപിക്കുന്നതോ അവർക്ക് ദോഷകരമാകുന്നതോ ആയ കണ്ടന്റുകൾ ഞങ്ങൾ അനുവദിക്കുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ ചൂതാട്ടവുമായി ബന്ധപ്പെട്ടതോ അവയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ കണ്ടന്റുകൾ യൂസർമാർ പോസ്റ്റുചെയ്യരുത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, ബോംബുകൾ നിർമ്മിക്കുക, മയക്കുമരുന്ന് നിർമ്മിക്കുക അല്ലെങ്കിൽ വ്യാപാരം നടത്തുക എന്നിവയുൾപ്പെടെ നിയമവിരുദ്ധവും നിരോധിതവുമായ പ്രവർത്തനങ്ങളെക്കുറിച്ച് യൂസർമാരെ ബോധവത്കരിക്കുന്ന ട്യൂട്ടോറിയലുകളോ നിർദ്ദേശങ്ങളോ പ്രദർശിപ്പിക്കുന്ന കണ്ടന്റുകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് യൂസർമാരെ കർശനമായി വിലക്കിയിരിക്കുന്നു. ഭാരത സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന അത്തരം ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്ന ഏതെങ്കിലും ഇടപാടോ സമ്മാനങ്ങളോ അഭ്യർത്ഥിക്കാനോ നടപ്പിലാക്കാനോ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കരുത്.

വ്യക്തിപരമോ സാമ്പത്തികമോ ആയ നേട്ടങ്ങൾക്കായി ആൾമാറാട്ടം (നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അറിയപ്പെടുന്ന വ്യക്തികൾ, ബ്രാൻഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികൾ/സ്ഥാപനങ്ങൾ) നടത്തുന്നതും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പ്രചരിപ്പിക്കുന്നതും വഞ്ചനയായി കണക്കാക്കും. കമ്പ്യൂട്ടർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ വൈറസുകൾ, കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ, മറ്റേതെങ്കിലും കമ്പ്യൂട്ടർ കോഡ്, ഫയലുകൾ അല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടർ റിസോഴ്‌സിൻ്റെ പ്രവർത്തനക്ഷമത തടസ്സപ്പെടുത്തുന്നതിനോ നശിപ്പിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രോഗ്രാമുകൾ എന്നിവ അടങ്ങിയിരിക്കുന്ന കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല.

മേൽപ്പറഞ്ഞവ പ്ലാറ്റ്‌ഫോമിലെ നിയന്ത്രിത നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പൂർണ്ണമായ ലിസ്റ്റല്ലെന്നും ഈ മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങളും ഉണ്ടാകാമെന്നും ദയവായി ശ്രദ്ധിക്കുക.

i. പരസ്പര സമ്മതത്തോടെയല്ലാത്ത (വ്യക്തിപരമായ) കണ്ടന്റുകൾ

മറ്റൊരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ കണ്ടന്റുകൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ല. വ്യക്തമായ സമ്മതമില്ലാതെ മറ്റ് ആളുകളുടെ ചിത്രങ്ങളോ വീഡിയോകളോ ഉൾപ്പെടെ വ്യക്തിപരമായ ഡാറ്റയോ വിവരങ്ങളോ പോസ്റ്റുചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യമായതോ രഹസ്യസ്വഭാവമുള്ളതോ ആയ ഫോട്ടോകളോ വീഡിയോകളോ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ പോസ്റ്റുചെയ്യരുത്. അന്യരുടെ സ്വകാര്യതയെ ഹനിക്കുന്ന കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനോ ഷെയർ ചെയ്യാനോ പാടില്ല. മറ്റൊരു വ്യക്തിയുടേതും എന്നാൽ നിങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്തതുമായ കണ്ടന്റുകൾ അനുവദനീയമല്ല.

മറ്റൊരാളുടെ സമ്പർക്ക വിവരങ്ങൾ, പാസ്‌വേഡുകൾ, വിലാസം, സാമ്പത്തിക വിവരങ്ങൾ, ലൈംഗികാഭിമുഖ്യം, ബയോമെട്രിക് വിവരങ്ങൾ, ആധാർ പോലുള്ള സർക്കാർ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ, ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ ഉൾപ്പെടെയുള്ള ആരോഗ്യ വിവരങ്ങൾ, ശാരീരിക ബന്ധം പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ബാധകമായ നിയമങ്ങളിലെ നിർവചനത്തിന് കീഴിൽ വരുന്ന വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമായി കണക്കാക്കപ്പെടും. അത്തരം പ്രവർത്തനങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

j. സ്പാം

ആധികാരികതയെപ്പറ്റി യൂസർമാരെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകൾ, തെറ്റായ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന കണ്ടന്റുകൾ, ചതി അല്ലെങ്കിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വർണ്ണനകൾ, സുരക്ഷാ ലംഘനങ്ങൾ എന്നിവ സ്പാമിന്റെ പരിധിയിൽ വരുന്നതും ഈ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചതുമാണ്. അത്തരം കണ്ടന്റുകൾ, വാണിജ്യ നേട്ടത്തിനായി പോസ്റ്റുചെയ്യുമ്പോൾ, അത് കൊമേഴ്ഷ്യൽ സ്പാമിന് തുല്യമാകുന്നു. എല്ലാത്തരം സ്പാമുകളും പ്ലാറ്റ്‌ഫോമിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മറ്റ് യൂസർമാരെ ഷെയർ/കണക്റ്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ഷെയർ ചെയ്യുന്ന കണ്ടന്റുകൾ ആധികാരികവും വ്യക്തികൾക്ക് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. സ്പാം പ്രമോഷൻ, കൊമേഴ്ഷ്യൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെ കാഴ്ചക്കാരെ ശല്യപ്പെടുത്താനോ സാധനങ്ങൾ/സേവനങ്ങൾ വിൽക്കാനോ ഉദ്ദേശിച്ചുകൊണ്ട് ഒരേ കണ്ടന്റ് ഒന്നിലധികം തവണ പോസ്റ്റുചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. യൂസർമാരെ ആകർഷിക്കാനോ ഫോളോവേഴ്സ്, ലൈക്ക്‌സ്, വ്യൂസ്, കമന്റ്സ്, ഷെയേഴ്സ് എന്നിവ വർദ്ധിപ്പിക്കാനോ കൃത്രിമവും തെറ്റിദ്ധാരണാജനകവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.

നിങ്ങളുടെ ചരക്കുകളോ സേവനങ്ങളോ പ്രമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആധികാരികമായ രീതിയിൽ അത് ചെയ്യുക.

ഒരു രീതിയിലുള്ള കണ്ടന്റ് വാഗ്ദാനം ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ മറ്റെന്തെങ്കിലും നൽകുന്ന ഒരു ലിങ്ക് പോസ്റ്റ് ചെയ്യുന്നതുപോലെ, തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചനാപരമായതോ ആയ ലിങ്കുകളൊന്നും ഈ പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ല. മറ്റൊരു വ്യക്തിയുടെ സ്വകാര്യത (ഉദാഹരണത്തിന്, ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്നതുപോലെ) തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രോഗ്രാമുകളിലേക്കുള്ള (കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ പോലുള്ളവ) ലിങ്ക് അടങ്ങിയ കണ്ടന്റുകൾ പോസ്റ്റുചെയ്യരുത്.

k. തെറ്റായ വിവരങ്ങൾ

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ തെറ്റായതോ സത്യമല്ലാത്തതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കണ്ടന്റുകൾ ബോധപൂർവ്വം പോസ്റ്റുചെയ്യരുത്. യൂസർമാരെയോ പൊതുജനങ്ങളെയോ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള തട്ടിപ്പുകൾ, വ്യാജ പ്രചാരണങ്ങൾ എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു. വസ്തുതാപരമല്ലാത്ത ഘടകങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള ഒരു വാർത്തയെ പെരുപ്പിച്ചു കാണിക്കുന്ന കണ്ടന്റുകൾ പോസ്റ്റുചെയ്യുന്നതിനെയും ഞങ്ങൾ എതിർക്കുന്നു.
യൂസർമാരെ തെറ്റിദ്ധരിപ്പിക്കുന്നതോ വിവരങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള വഴിയുണ്ടാക്കുന്നതോ അപകീർത്തിയുണ്ടാക്കുന്നതോ അപവാദം പരത്തുന്നതോ ആരുടെയെങ്കിലും പ്രശസ്തിക്ക് കോട്ടം വരുത്തുന്നതോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ സാമ്പത്തികമോ രാഷ്ട്രീയമോ ആയ നിലയെ പ്രതികൂലമായി ബാധിക്കുന്നതോ ആയ കണ്ടന്റുകൾ ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ല. വ്യാജവാർത്തകളുടെ ഭീഷണിയെ ചെറുക്കുന്നതിനും വസ്തുതാപരമായി തെറ്റായ വിവരങ്ങൾ നൽകുന്നത് നിയന്ത്രിക്കുന്നതിനും ഞങ്ങൾ മൂന്നാം കക്ഷി വസ്തുതാ പരിശോധകരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്ന കണ്ടന്റുകളുടെ ഉത്തരവാദിത്തം പൂർണ്ണമായും യൂസർമാർക്കാണ്. പ്ലാറ്റ്‌ഫോമിൽ നിങ്ങൾ പോസ്റ്റുചെയ്യുന്ന കണ്ടന്റുകൾ ആധികാരികവും വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ ഉറവിടത്തിൽ നിന്നുള്ളതാണെന്ന് കഴിവതും നിങ്ങൾ ഉറപ്പാക്കണം.

സാമൂഹിക സുരക്ഷയ്ക്ക് ദോഷം വരുത്തുന്നതോ പ്രതികൂലമായി ബാധിച്ചേക്കാവുന്നതോ അല്ലെങ്കിൽ പൊതുനിയമങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്നതോ ആയ മീഡിയകൾ (ടെക്സ്റ്റ്, ഓഡിയോ, വീഡിയോ എന്നിവ ഉൾപ്പെടെ) ഉപയോഗിക്കുന്ന കണ്ടന്റുകൾ പോസ്റ്റുചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ഇനിപ്പറയുന്നവയെല്ലാം ഇതിൽ ഉൾപ്പെടുന്നു:

  • വ്യക്തികൾക്കോ സമൂഹത്തിനോ ദോഷം വരുത്തുന്നവ;
  • തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പൗരധർമ്മങ്ങളുടെ സമഗ്രതയ്ക്ക് ദോഷം വരുത്തുകയോ ഭീഷണിയാവുകയോ ചെയ്യുന്നവ;
  • വ്യക്തികളെയോ സ്ഥാപനങ്ങളെയോ വഞ്ചിക്കാൻ ലക്ഷ്യമിടുന്നവ;
  • മതം, വംശം, ലിംഗഭേദം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നവ; അല്ലെങ്കിൽ
  • മനഃപൂർവം മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളവ.

ആധികാരികമെന്ന് തോന്നാവുന്ന തെറ്റായ കണ്ടന്റുകളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്, കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിച്ചോ മറ്റോ നിർമ്മിച്ചിട്ടില്ലാത്തതോ ചെയ്തിട്ടില്ലാത്തതോ ആയ കാര്യങ്ങൾ ആളുകൾ പറയുകയോ ചെയ്യുകയോ ചെയ്യുന്നതായി കാണിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും, മറ്റ് യൂസർമാരെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പുള്ള ആക്ഷേപഹാസ്യവും പാരഡി കണ്ടന്റുകളും ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ അനുവദിക്കുന്നു.

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ

ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

a. ശരിയായി ടാഗ് ചെയ്യുക

എല്ലാ പോസ്റ്റുകളും ഏറ്റവും ഉചിതമായ ടാഗ് ഉപയോഗിച്ച് ടാഗ് ചെയ്യണം. അത്തരമൊരു ടാഗ് നിലവിലില്ലെങ്കിൽ, അതിനനുസരിച്ചുള്ള ഒരെണ്ണം ക്രിയേറ്റ് ചെയ്യുക. അപ്രസക്തമായതോ ബാധകമല്ലാത്തതോ ആയ ടാഗ് ഉപയോഗിച്ച് പോസ്റ്റുചെയ്യുന്ന ഏതെങ്കിലും കണ്ടന്റ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് ഫീഡിൽ നിന്ന് നീക്കംചെയ്യും.

b. വിഷയത്തിൽ നിന്ന് മാറിപ്പോകരുത്

വളരെ സജീവമായ ഒരു പ്ലാറ്റ്‌ഫോമാണ് ഷെയർചാറ്റ്. നിങ്ങൾ പോസ്റ്റുചെയ്യുന്ന എല്ലാ കണ്ടന്റുകളും നിങ്ങൾ പങ്കെടുക്കുന്ന എല്ലാ ചർച്ചകളും പോസ്റ്റിന്റെ അടിക്കുറിപ്പുമായും ടാഗുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുക. അടിക്കുറിപ്പുമായോ ടാഗുകളുമായോ ബന്ധമില്ലാത്തതോ അല്ലെങ്കിൽ ഒരു പ്രത്യേക പോസ്റ്റിന് അനുയോജ്യമല്ലാത്തതോ ആയ കണ്ടന്റുകൾ നീക്കംചെയ്യപ്പെടും.

c. ഒന്നിലധികം/ഫേക്ക് പ്രൊഫൈലുകൾ

ആരെയെങ്കിലും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ, തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ രീതിയിൽ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ [സർക്കാർ ഉദ്യോഗസ്ഥന്റെ, സംഘടനയുടെ ഉൾപ്പെടെ] ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കുന്നത് നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിറ്റി പ്രൊഫൈലുകൾ, വിജ്ഞാനപ്രദമായ പ്രൊഫൈലുകൾ, പ്രശസ്ത വ്യക്തികളുടെ ഫാൻ പ്രൊഫൈലുകൾ എന്നിവയ്ക്ക് ഞങ്ങൾ ഇളവുകൾ അനുവദിക്കുന്നു. പ്രൊഫൈൽ ഡിസ്‌ക്രിപ്‌ഷനിലോ പ്രൊഫൈൽ സ്റ്റാറ്റസിലോ വ്യക്തമായി പരാമർശിച്ചിരിക്കുന്നതും മറ്റ് യൂസർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിക്കാത്തതുമായ പ്രശസ്ത വ്യക്തികളുടെ ആക്ഷേപഹാസ്യ അല്ലെങ്കിൽ പാരഡി അക്കൗണ്ടുകളും അനുവദനീയമാണ്.

d. സുരക്ഷയും ഭദ്രതയും

മറ്റൊരാളെ അഭിസംബോധന ചെയ്യുന്ന വേളയിൽ അപമാനിക്കുകയോ പോസ്റ്റുകളിലോ കമന്റുകളിലോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മറ്റ് യൂസർമാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന യാതൊരു പ്രവൃത്തിയും നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അത്തരം സാഹചര്യങ്ങളുണ്ടായാൽ നിങ്ങൾക്കെതിരെ നടപടിയെടുക്കും.

e. നിയമ നടപടികളെക്കുറിച്ച് ജാഗ്രത പാലിക്കുക

നിയമത്തെക്കുറിച്ചുള്ള അജ്ഞത നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളുടെ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഒഴിവുകഴിവല്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്, ഡിജിറ്റൽ പരിതസ്ഥിതിയിലെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിങ്ങൾ പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന് ബാധകമായ എല്ലാ നിയമങ്ങളെയും മാനിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ പ്രചരിപ്പിക്കുന്നതോ വാഗ്ദാനം ചെയ്യുന്നതോ മഹത്വവത്കരിക്കുന്നതോ അഭ്യർത്ഥിക്കുന്നതോ ആയ കണ്ടന്റുകൾ ഞങ്ങൾ അനുവദിക്കില്ല.

f. നിയമലംഘകർക്കെതിരായ നീതിനിർവ്വഹണ നടപടികൾ

പ്ലാറ്റ്‌ഫോമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഞങ്ങൾ ഉടനടി നടപടിയെടുക്കും. ഏത് അക്കൗണ്ടിനെതിരെയും നടപടിയെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം യൂസർമാർക്ക് ബാധകമാണ്. നിങ്ങളുടെ പ്രൊഫൈൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, ഞങ്ങൾ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും പ്രൊഫൈലിലേക്കുള്ള നിങ്ങളുടെ ആക്സസ് നിയന്ത്രിക്കുകയും ചെയ്തേക്കാം. മറ്റ് അക്കൗണ്ടുകൾ, ഐഡന്റിറ്റികൾ അല്ലെങ്കിൽ മറ്റൊരു യൂസറിന്റെ അക്കൗണ്ടുവഴിയുള്ള ഉപയോഗം എന്നിവയിലൂടെ അത്തരം നീതിനിർവ്വഹണ നടപടികളെ മറികടക്കാനുള്ള ഏതൊരു ശ്രമവും ദീർഘകാല ആക്സസ് നിയന്ത്രണങ്ങൾക്ക് കാരണമാകും. ആവർത്തിച്ചുള്ള ലംഘനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, കർശനമായ നടപടികൾ സ്വീകരിക്കാനും പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ കൂടുതൽ നിയന്ത്രിക്കാനും ഞങ്ങൾ നിർബന്ധിതരായേക്കാം. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന കണ്ടന്റിനെതിരെ ഞങ്ങൾ കർശന നടപടികൾ നടപ്പിലാക്കുകയും അത്തരം കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.

പ്ലാറ്റ്‌ഫോം സെക്യൂരിറ്റി

റിപ്പോർട്ടിംഗ്

പ്ലാറ്റ്‌ഫോമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും കണ്ടന്റോ പ്രവൃത്തിയോ കാണുമ്പോൾ, അവ റിപ്പോർട്ട് ചെയ്യുന്നതിന് 'റിപ്പോർട്ട്' ഓപ്ഷനിൽ ടാപ്പുചെയ്യുക അല്ലെങ്കിൽ ക്ലിക്കുചെയ്യുക. ഞങ്ങൾ നിങ്ങളുടെ റിപ്പോർട്ട് അവലോകനം ചെയ്യും. ഈ കണ്ടന്റോ പ്രവൃത്തിയോ ഞങ്ങൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ ഉടനടി അത് നീക്കം ചെയ്യുകയും ഉചിതമായ നടപടിയെടുക്കുകയും ചെയ്യും. പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും കണ്ടന്റ്, പകർപ്പവകാശ ഉടമയെന്ന നിലയിലുള്ള നിങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നിയാൽ, http://copyright.sharechat.com/ ൽ ലഭ്യമായ ഞങ്ങളുടെ റൈറ്റ്സ് മാനേജ്മെന്റ് ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കോപ്പിറൈറ്റ് ക്ലെയിം ഫയൽ ചെയ്യാം. ഇതിന്മേലുള്ള കൂടുതൽ അവലോകനത്തിനും നടപടിക്കുമായി ഇത് ഞങ്ങളുടെ ടീമിന് അയയ്ക്കും. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാത്ത അത്തരം കണ്ടന്റുകൾ പ്ലാറ്റ്‌ഫോമിൽ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ, ആ യൂസർമാരെ അൺഫോളോ/ ബ്ലോക്ക് ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഇന്റർമീഡിയറി സ്റ്റാറ്റസും കണ്ടന്റിന്റെ അവലോകനവും

ബാധകമായ നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ ഇടനിലക്കാരാണ്. ഞങ്ങളുടെ യൂസർമാർ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുകയോ കമന്റ്/ഷെയർ ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഞങ്ങൾ നിയന്ത്രിക്കുന്നില്ല, അവരുടെ (അല്ലെങ്കിൽ നിങ്ങളുടെ) പ്രവർത്തനങ്ങൾക്ക് (ഓൺലൈനിലോ ഓഫ് ലൈനിലോ) ഞങ്ങൾ ഉത്തരവാദികളല്ല. മറ്റുള്ളവർ വാഗ്ദാനം ചെയ്യുന്ന സർവീസുകൾക്കും ഫീച്ചറുകൾക്കും ഞങ്ങളിലൂടെ നിങ്ങൾ അവ ആക്സസ് ചെയ്യുകയാണെങ്കിൽ പോലും ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സംഭവിക്കുന്ന എന്തിനും ഞങ്ങളുടെ ഉത്തരവാദിത്തവും ബാധ്യതയും ഇന്ത്യയിലെ നിയമങ്ങളാൽ കർശനമായി നിയന്ത്രിക്കപ്പെടുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങൾ പോസ്റ്റുചെയ്യുന്നതിനും നിങ്ങൾ കാണുന്നതിനും നിങ്ങൾ ഉത്തരവാദിയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഏതെങ്കിലും യൂസർമാർ നിങ്ങളുടെ കണ്ടന്റ് ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, ആവശ്യാനുസരണം ഞങ്ങൾ നീതിനിർവ്വഹണ നടപടികൾ സ്വീകരിച്ചേക്കാം.

പരാതി പരിഹാരം - ഗ്രീവൻസ് ഓഫീസർ

ഡാറ്റാ സുരക്ഷ, സ്വകാര്യത എന്നിവയെപ്പറ്റിയും പ്ലാറ്റ്‌ഫോം ഉപയോഗത്തെക്കുറിച്ചും നിങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ഷെയർചാറ്റിന് ഒരു ഗ്രീവൻസ് ഓഫീസർ ഉണ്ട്.

ഇനിപ്പറയുന്ന ഏതെങ്കിലുമൊന്നിലൂടെ നിങ്ങൾക്ക് ഗ്രീവൻസ് ഓഫീസർ ശ്രീമതി. ഹർലീൻ സേഥിയെ ബന്ധപ്പെടാം:
വിലാസം: മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ്,
നോർത്ത് ടവർ സ്മാർട്ട് വർക്ക്സ്, വൈഷ്ണവി ടെക് പാർക്ക്,
സർവേ നമ്പർ 16/1 & നമ്പർ 17/2 അംബലിപുര വില്ലേജ്, വർത്തൂർ ഹോബ്ലി,
ബെംഗളൂരു അർബൻ, കർണാടക - 560103. തിങ്കൾ മുതൽ വെള്ളി വരെ.

ഇമെയിൽ: grievance@sharechat.co

ശ്രദ്ധിക്കുക - യൂസർമാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മുകളിൽ സൂചിപ്പിച്ച ഇമെയിൽ ഐഡിയിലേക്ക് ദയവായി അയയ്‌ക്കുക, ഞങ്ങൾക്കത് വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും കഴിയും.

നോഡൽ കോൺടാക്റ്റ് പേഴ്‌സൺ - ശ്രീമതി ഹർലീൻ സേഥി
ഇമെയിൽ: nodalofficer@sharechat.co

ശ്രദ്ധിക്കുക - ഈ ഇമെയിൽ പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും ഉപയോഗത്തിന് മാത്രമുള്ളതാണ്. യൂസർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള ഇമെയിൽ ഐഡി അല്ല. യൂസർമാരുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും grievance@sharechat.co എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.

ചലഞ്ച് ചെയ്യാനുള്ള അവകാശം

മറ്റൊരു യൂസർ, നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ പോസ്റ്റുചെയ്യുകയോ ചെയ്യുന്ന കണ്ടന്റ്, അല്ലെങ്കിൽ നിങ്ങളുടെ മറ്റെന്തെങ്കിലും ഇടപെടലുകൾ റിപ്പോർട്ട് ചെയ്യുകയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്താൽ, അത്തരം നീക്കംചെയ്യലിനെക്കുറിച്ചും അതിനുള്ള ഞങ്ങളുടെ കാരണങ്ങളെക്കുറിച്ചും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ കണ്ടന്റ് അന്യായമായി നീക്കം ചെയ്തുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ആ പ്രവൃത്തിയെ ചോദ്യം ചെയ്യാൻ ഒരു ഇൻ-ആപ്പ് അപ്പീൽ റിക്വസ്റ്റ് ഉന്നയിക്കുകയോ grievance@sharechat.co എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുകയോ ചെയ്യാം. നിങ്ങളുടെ കണ്ടന്റ് ഞങ്ങൾ വീണ്ടും അവലോകനം ചെയ്യുകയും അപ്പീൽ റിക്വസ്റ്റിന്റെ സാധുത നിർണ്ണയിക്കുകയും ചെയ്തേക്കാം.

ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ, മുകളിൽ സൂചിപ്പിച്ച നടപടികൾക്ക് പുറമേ, അത്തരം ലംഘനങ്ങൾക്ക് വ്യക്തികളിൽ/റെഗുലേറ്റർമാരിൽ/നിയമജ്ഞരിൽ നിന്ന് നിങ്ങൾക്ക് പേഴ്‌സണൽ, സിവിൽ, ക്രിമിനൽ ബാധ്യതയും ഉണ്ടായേക്കാം. നിങ്ങൾക്കെതിരെ ആകർഷിക്കപ്പെട്ടേക്കാവുന്ന ഐടി ചട്ടങ്ങളുടെ റൂൾ 3 (1) (ബി) യുമായികൂട്ടിച്ചേർത്ത് വായിക്കാവുന്ന നിയമങ്ങളുടെ ഒരു വിവരണവും സൂചനാ പട്ടികയും താഴെ ചേർക്കുന്നു:

ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടം, 2021ലെ ചട്ടം 3 (1) (ബി)യും അതിന്റെ ഭേദഗതികളും ("ഇന്റർമീഡിയറി ചട്ടങ്ങൾ")ബാധകമായ നിയമങ്ങൾക്ക് കീഴിലുള്ള പ്രസക്തമായ നിബന്ധനകൾ (ശിക്ഷാനടപടികളുടെ വിശദീകരണവും സൂചനാ പട്ടികയും)
(i) മറ്റൊരാളുടെ അവകാശങ്ങൾ ലംഘിക്കുന്ന കണ്ടന്റുകൾഡിജിറ്റൽ പേഴ്സണൽ ഡാറ്റ സംരക്ഷണ നിയമം, 2023 [S.33(1)]
(ii) CSAM /ലൈംഗികത-അശ്ലീലം/ലൈംഗിക പീഡനം നിറഞ്ഞ, ആക്രമണ/ഉപദ്രവ സ്വഭാവമുള്ള, ചൂതാട്ടം അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾഭാരതീയ ന്യായ സംഹിത, 2023 [എസ്. 196, 294, 295, 77, 353] പോക്സോ നിയമം, 2012 [എസ്.11 പിന്നെ 12] കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 [എസ്. 4] ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 [എസ്. 66.ഇ, 67, 67.എ]
(iii) കുട്ടികൾക്ക് ഹാനികരമാകുന്ന കണ്ടന്റുകൾബാലനീതി (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) നിയമം, 2015 [എസ്. 75] ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 [എസ്. 67.ബി]
(iv) പേറ്റന്റുകൾ, വ്യാപാരമുദ്രകൾ, പകർപ്പവകാശങ്ങൾ അല്ലെങ്കിൽ ഉടമസ്ഥാവകാശങ്ങൾ എന്നിവ ലംഘിക്കൽട്രേഡ് മാർക്ക് നിയമം, 1999 [എസ്. 29] പകർപ്പവകാശ നിയമം, 1957 [എസ്.51]
(v) മെസേജിന്റെ ഉത്ഭവത്തെക്കുറിച്ച് യൂസർമാരെ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുക അല്ലെങ്കിൽ, കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഉൾപ്പെടെ, തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ എന്തെങ്കിലും വിവരങ്ങൾ തെറ്റാണെന്ന ബോധ്യത്തോടെ മനഃപൂർവം പ്രചരിപ്പിക്കൽ.ഭാരതീയ ന്യായ സംഹിത, 2023 [എസ്. 212, 336, 353]
(vi) ആൾമാറാട്ടംഭാരതീയ ന്യായ സംഹിത, 2023 [എസ്.319] ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 [എസ്. 66.ഡി]
(vii) ദേശീയ സുരക്ഷ, ഐക്യം, വിദേശ ബന്ധങ്ങൾ എന്നിവയ്ക്ക് ഭീഷണി, അല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കൽഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 [എസ്. 66.എഫ്]
(viii) കംമ്പ്യൂട്ടറുകളെ അല്ലെങ്കിൽ കമ്പ്യൂട്ടർ കോഡുകളെ തകരാറിലാക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ പ്രോഗ്രാമുകൾ അടങ്ങിയിരിക്കുന്നവഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 [എസ്. 43, 66]
(ix) അനുവദനീയമല്ലാത്ത ഓൺലൈൻ ഗെയിമുകൾ പരസ്യം ചെയ്യുക അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകഉപഭോക്തൃ സംരക്ഷണ നിയമം, 2019 [എസ്. 89]
(x) നിലവിലുള്ള നിയമങ്ങളുടെ ലംഘനം

ആവശ്യമെങ്കിൽ, ഞങ്ങൾ നിയമജ്ഞരുമായും നിയമ നിർവ്വഹണ സംവിധാനങ്ങളുമായും സഹകരിക്കും. എന്നാൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് ബാധ്യതയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.